വാർത്തകളും ലേഖനങ്ങളും

May 13, 2026

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ 'നിർമലം - കൈയ്യോട് കൈ' ക്യാമ്പയിൻ: വിദ്യാർത്ഥികൾക്കായി ശുചിത്വ ക്വിസ് സംഘടിപ്പിച്ചു
വട്ടംകുളം: "നിർമലം - പുതു യുഗ ശുചിത്വ കേരളം" പദ്ധതിയുടെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിൽ നടക്കുന്ന 'കൈയ്യോട് കൈ' ശുചിത്വ ക്യാമ്പയിനോടനുബന്ധിച്ച് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ശുചിത്വ ക്വിസ് മത്സരം സംഘടിപ്പിച്ചു.
കുട്ടികളിൽ ചെറുപ്പം മുതലേ കൃത്യമായ മാലിന്യ സംസ്കരണ ശീലങ്ങളും ശുചിത്വ അവബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ ക്വിസ് പ്രോഗ്രാമിൽ സജീവമായി പങ്കെടുത്തു.
സമൂഹത്തിൽ ശാശ്വതമായ ശുചിത്വ സംസ്കാരം ഉറപ്പുവരുത്തുന്നതിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്കുവഹിക്കാനുണ്ടെന്ന് പരിപാടിയിൽ സംസാരിച്ച ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ശുചിത്വ സന്ദേശങ്ങൾ വീടുകളിലേക്കും സമൂഹത്തിലേക്കും എത്തിക്കാൻ കുട്ടികൾക്ക് സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
'കൈയ്യോട് കൈ' ക്യാമ്പയിന്റെ ഭാഗമായി വരും ദിവസങ്ങളിലും വിദ്യാലയങ്ങളെയും പൊതുജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് വിവിധ ബോധവൽക്കരണ പരിപാടികളും ശുചീകരണ പ്രവർത്തനങ്ങളും പഞ്ചായത്തിൽ സംഘടിപ്പിക്കും. മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ പഞ്ചായത്ത് തലത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വിതരണം ചെയ്യും.
ചടങ്ങിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ ആർ രാജേഷ് സ്വാഗതം ചെയ്തു, ശ്രീ എം എ നജീബ് വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷാജിമോൾ പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ അബ്ദുൽ മജീദ് കഴുങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.ശ്രീമതി സുമതി വി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ശ്രീ ചന്ദ്രബോസ് മെമ്പർ വട്ടംകുളം ഗ്രാമപഞ്ചായത്ത്, ശുചിത്വ മിഷൻ കോഡിനേറ്റർ റിയാസ്, എന്നിവരും ജിഎച്ച്എസ്എസ് എടപ്പാൾ, ജി എച്ച് എസ് എടപ്പാൾ, മോഡേൺ എച്ച്എസ്എസ്  പോട്ടൂർ, IHRD നെല്ലിശ്ശേരി, സിപി എൻ എൻ യു പി യുപി സ്കൂൾ വട്ടംകുളം,  എ യുപിഎസ് നെല്ലിശ്ശേരി, ഭാരതീയ വിദ്യാഭവൻ നടക്കാവ്, ടി എച്ച്എസ്എസ് വട്ടംകുളം എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

‘Nirmalam – Kaiyod Kai’ Campaign in Vattamkulam Grama Panchayat  Cleanliness Quiz Organized for Students