ചരിത്രം
സാമൂഹ്യചരിത്രം
വട്ടത്തിലുള്ള ഒരു കുളവും അതിന്റെ കരയില്‍ ഒരു കാവും ഉള്ള ഗ്രാമം എന്ന നിലയിലാണത്രെ, വട്ടംകുളം എന്ന സ്ഥലനാമമുണ്ടായത്. പ്രശസ്തമായ ഒരു വൈദികപാരമ്പര്യവും സമ്പന്നമായ ഒരു നാടോടി സംസ്കൃതിയും വട്ടംകുളം പഞ്ചായത്തിനവകാശപ്പെടാനുണ്ട്. വൈദിക സംസ്കാരവുമായി ബന്ധപ്പെട്ട ചരിത്രപ്രസിദ്ധമായ ശുകപുരം ഗ്രാമം ഈ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. വേദവിദ്യാഭ്യാസത്തിന്റെയും യാഗവിധികളുടെയും ആസ്ഥാനമായി ഈ പ്രദേശത്തെ കരുതിപ്പോരുന്നു. എന്നാല്‍ വൈദികപാരമ്പര്യത്തിലെ യാഥാസ്ഥിതികതയ്ക്കെതിരായി ഉല്പതിഷ്ണുക്കളായ നമ്പൂതിരിമാരുടെ മുന്നറ്റവും ഇവിടെ ഉണ്ടായിട്ടുണ്ട്. ദേശീയ നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്ക് വേരൂന്നി വളരുവാന്‍ ഈ സാംസ്കാരിക പശ്ചാത്തലം സഹായകമായിത്തീര്‍ന്നു. ഹിന്ദുക്കളും മുസ്ളീങ്ങളും ഇടകലര്‍ന്നു ജീവിച്ചുപോരുന്ന ഈ പ്രദേശത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത, ഇവിടെ നിലനില്‍ക്കുന്ന മതസൌഹാര്‍ദ്ദമാണ്. സ്വാതന്ത്ര്യലബ്ധിയോടെ, സാമൂഹ്യരാഷ്ട്രീയ സംഘടനകളും ഗ്രന്ഥശാല-കലാസമിതി പ്രസ്ഥാനവും ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. നവോത്ഥാനമുന്നറ്റങ്ങളുടെ ഫലമായി വന്ന സാമൂഹ്യമാറ്റങ്ങളെ സ്വാഗതം ചെയ്യാനുള്ള സന്നദ്ധത ഇവിടുത്തെ ജനങ്ങളിലുണ്ടാക്കിത്തീര്‍ത്തത് ഈ പ്രസ്ഥാനങ്ങളാണ്. 1945-ല്‍ കുറ്റിപ്പാലയില്‍ വെച്ചു നടന്ന യോഗക്ഷേമസഭയുടെ മഹാസമ്മേളനം ഈ മുന്നറ്റത്തിന്റെ ചരിത്രസാക്ഷ്യമാണ്. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും സാമൂഹ്യപരിഷ്കര്‍ത്താവുമായിരുന്ന എസ്.എം.ബാലകൃഷ്ണപിഷാരടി, പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും സേവനമനുഷ്ഠിച്ച കെ.വി.ബാലമേനോന്‍, മുസ്ളീംലീഗ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന മുക്കടേക്കാട്ടില്‍ മുഹമ്മദുണ്ണി സാഹിബ്, ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പ്രാരംഭ പ്രവര്‍ത്തകനായിരുന്ന കെ.പി.മാധവമേനോന്‍, തോട്ടുപുറത്തു പരമേശ്വരൻ നമ്പൂതിരി തുടങ്ങിയവര്‍ മുന്‍കാലത്ത് ഈ പ്രദേശത്തിന്റെ സാമൂഹ്യപുരോഗതിക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വിശിഷ്ടവ്യക്തികളാണ്. നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചുരുക്കം ചില ആളുകളുടേതൊഴിച്ച് മറ്റുള്ളവരുടെ ജീവിതമാര്‍ഗ്ഗം കാര്‍ഷികവൃത്തിയായിരുന്നു. ജന്മിമാര്‍, കാണക്കുടിയാന്‍മാർ പാട്ടക്കുടിയാന്‍മാര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിങ്ങനെയായിരുന്നു, ഭൂമിയും കൃഷിയുമായി ബന്ധപ്പെട്ട സാമൂഹ്യഘടന. പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലുള്ള മാണൂർ കായലിനു സമീപമുള്ള 40 ഏക്കറോളം വരുന്ന നിലമൊഴികെ, മറ്റു പാടശേഖരങ്ങളില്‍ രണ്ടു വിള കൃഷി ചെയ്തിരുന്നു. മാണൂര്‍ കായല്‍പ്രദേശത്ത് പുഞ്ചകൃഷിയായിരുന്നു ചെയ്തിരുന്നത്. രണ്ടാംവിളക്കു ശേഷം പച്ചക്കറി, എള്ള്, പയര്‍, മരച്ചീനി എന്നിവയും ഒന്നാം വിള കഴിഞ്ഞാൽ ഉയര്‍ന്ന മണല്‍പ്പുറ്റുള്ള പാടശേഖരങ്ങളിൽ നേന്ത്രവാഴയും കൃഷി ചെയ്തിരുന്നു. വട്ടംകുളത്തെ കാഴ്ചക്കുലയും കണിവെള്ളരിക്കയും കേള്‍വികേട്ടതായിരുന്നു. ഈ പഞ്ചായത്തില്‍ ആദ്യമായി വൈദ്യുതി എത്തിയത്, 1957 നവംബറിൽ എ.ആര്‍.രാമസ്വാമി അയ്യരുടെ മില്ലിലായിരുന്നു.
സാംസ്കാരികചരിത്രം
സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകം ഈ പഞ്ചായത്തിനുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഉല്‍സവങ്ങൾ, ഗ്രന്ഥശാലകളുടെയും കലാസമിതികളുടെയും പ്രവര്‍ത്തനങ്ങൾ, കളരിപോലുള്ള ആയോധനകലകൾ എന്നിവയെല്ലാം ഇവിടുത്തെ സാംസ്കാരികമണ്ഡലത്തെ സമ്പന്നമാക്കി. ക്ഷേത്രോത്സവങ്ങൾ വിളവെടുപ്പ് ഉല്‍സവങ്ങൾ മാത്രമായിരുന്നില്ല. സാമുദായിക സൌഹാര്‍ദ്ദം കൂടി നിലനിര്‍ത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഇവ ഗ്രാമീണകലകളുടെ അരങ്ങുകള്‍ കൂടിയായിരുന്നു. സാഹിത്യ സാംസ്കാരിക മേഖലകളില്‍ പ്രശസ്തരായ ഒട്ടേറെ പേര്‍ക്ക് ഈ പഞ്ചായത്ത് ജന്മം നല്‍കിയിട്ടുണ്ട്. കവിയും പണ്ഡിതനുമായ കൊട്ടയ്ക്കാട്ട് ശങ്കുണ്ണിനമ്പീശന്‍, പി.ജയന്തന്‍നമ്പൂതിരി, വേദപണ്ഡിതനും കവിയുമായ കുത്തുള്ളി കൃഷ്ണന്‍ നമ്പൂതിരി, വി.ടി.യോടൊപ്പം നാടകരംഗത്ത് പ്രവര്‍ത്തിച്ച നടൻ കുത്തുള്ളി നാരായണന്‍നമ്പൂതിരി, പ്രശസ്ത മതപണ്ഡിത പ്രഭാഷകന്‍ ശുകപുരം കെ.എം.കെ മുസലിയര്‍, സാമൂഹ്യ പരിഷ്കര്‍ത്താവായ കെ.വി.ബാലകൃഷ്ണമേനോന്‍, ഭാഷാപണ്ഡിതനായ കെ.എം.പ്രഭാകര വാരിയര്‍, മതപണ്ഡിതനായ ചേകനൂര്‍ മൌലവി എന്നിവരെല്ലാം ഈ പ്രദേശത്തുകാരാണ്. കളമെഴുത്തുപാട്ടും (കല്ലാറ്റ കുറുപ്പന്‍മാര്‍), പാന(കുളങ്കര പണിക്കന്‍മാര്‍)യുമാണ് ഇവിടുത്തെ പ്രധാന അനുഷ്ഠാന കലകള്‍. വാദ്യകലയിലും വിശേഷിച്ച് ചെണ്ടവാദ്യത്തില്‍ ശുകപുരത്തിന് തനതായ ഒരു പാരമ്പര്യമുണ്ട്. തിറ, പൂതന്‍, കരിങ്കാളി, ഭദ്രകാളി, മൂക്കന്‍ചാത്തന്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട നാടന്‍കലകള്‍. മണ്ണാന്‍, പാണൻ, പറയൻ എന്നീ സമുദായക്കാരാണ് ഇവ പരമ്പരാഗതമായി കെട്ടി അവതരിപ്പിക്കാറുള്ളത്. ചവിട്ടുകളി, കൈകൊട്ടിക്കളി, കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, പുള്ളുവന്‍പാട്ട്, കുംഭക്കളി എന്നിവയും അപൂര്‍വ്വമായി പ്രചാരത്തിലുണ്ട്. വട്ടംകുളം ഗ്രാമീണവായനശാല, വട്ടംകുളം അംബിളി കലാസമിതി, നടുവട്ടം അക്ഷര ലൈബ്രറി, കുറ്റിപ്പാല ഉദയം ലൈബ്രറി, ശുകപുരം എസ്.എ.ആര്‍.സി ലൈബ്രറി എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന ഗ്രന്ഥശാലകളും കലാസമിതികളും.