പഞ്ചായത്തിലൂടെ
വട്ടംകുളം ഗ്രാമപഞ്ചായത്ത് ഒറ്റ നോട്ടത്തിൽ
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലാണ് വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 20.84 ച.കി.മീ വിസ്തീർണ്ണമുളള ഈ പഞ്ചായത്തിന്റെ വടക്ക് ഭാഗത്ത് കാലടി , തവനൂർ , ആനക്കര എന്നീ ഗ്രാമപഞ്ചായത്തുകളും കിഴക്ക് ഭാഗത്ത് ആനക്കര ,കപ്പൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തെക്ക് ഭാഗത്ത് കപ്പൂർ ആലംക്കോട് , എടപ്പാൾ ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് ഭാഗത്ത് എടപ്പാൾ ,കാലടി ഗ്രാമപഞ്ചായ്തതുകൾ പാലക്കാട് ജില്ലയിലും തവനൂർ എടപ്പാൾ കാലടി എന്നിവ മലപ്പുറം ജില്ലയിലുമാണ്.
ഭൂപ്രകൃതി – ഭൂപ്രകൃതി അനുസരിച്ച് വട്ടംകുളം ഇടനാട് പ്രദേശമാണ്. കാലടി ഗ്രാമപഞ്ചായത്ത് അതിർത്തിയിലുളള മാണൂർ വനപ്രദേശത്തിന്റെ ഒരു ഭാഗം ഈ പഞ്ചായത്തിൽ ആണ്. ചന്തകുന്ന്, ചിറ്റഴിക്കുന്ന്, പൂത്രക്കുന്ന്, ചോലക്കുന്ന്, പുളിയാറക്കുന്ന് ,കക്കുഴിക്കുന്ന്, കാലഞ്ചാടിക്കുന്ന് എന്നിവയാണ് ഇവിടുത്തെ പ്രധാനക്കുന്നുകൾ, ചെമ്മണ്ണ്, മണൽകലർന്ന കളിമണ്ണ്, കടുപ്പമുളള കളിമണ്ണ് എന്നിവയാണ് പ്രധാന മണ്ണിനങ്ങൾ ചെങ്കല്ല്, ചീങ്കണ്ണി പ്പാറ, കരിങ്കല്ല് എന്നിവയും കാണപ്പെടുന്നു.കുന്നുകളും അവയ്ക്കിടയിലെ നെൽവയലുകളും കൃഷി ത്തോട്ടങ്ങളും കൈത്തോടുകളും ചേർന്ന പ്രദേശമാണ് സമുദ്രനിരപ്പിൽ നിന്നും 15 മീറ്റർ മുതൽ 30 മീറ്റർ വരെ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. നെല്ല്, തെങ്ങ്, കവുങ്ങ്,വാഴ എന്നിവയാണ് പ്രധാന കാർഷിക വിളകൾ. പച്ചക്കറികൃഷിയും ചെറുതും വലുതുമായ 35 കുളങ്ങളും 23 പൊതുകിണറുകളും നിലവിലുണ്ട്.വേനൽക്കാലത്ത് കുടിവെളളമടക്കം ജലക്ഷാമം അനുഭവപ്പെചുന്നുണ്ട്.കുടിവെളള വിതരണത്തിനായി ജലജീവൻമിഷൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കഭാഗങ്ങളിലും ജല വിതരണം ആരംഭിച്ചിട്ടില്ല. തൃശ്ശൂർ കുറ്റിപ്പുറം സ്റ്റേറ്റ് ഹൈവേ ഈ പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ എടപ്പാളിലൂടെ കടന്നു പോകുന്നു. നടുവട്ടം - തണ്ണീർക്കോട് – കൂനംമൂച്ചി, പൊന്നാനി – എടപ്പാൾ -പട്ടാമ്പി എന്നി പ്രധാന പിഡബ്ല്യൂ.ഡി റോഡുകളും കടന്നു പോകുന്നു. കുറ്റിപ്പുറം , പൊന്നാനി, ചങ്ങരംകുളം എന്നിവയാണ് പഞ്ചായത്തിനടുത്തുളള ബസ്റ്റാന്റുകൾ.
പൊന്നാനി ബിയ്യം കായലാണ് പഞ്ചായത്തിന് തൊട്ടടുത്തുള്ള ജലഗതാഗത കേന്ദ്രം. ബേപ്പൂരാണ് ഏറ്റവും അടുത്തുള്ള തുറമുഖം. ഗ്രാമപഞ്ചായത്തിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷൻ കുറ്റിപ്പുറമാണ്. വിദേശയാത്രക്കായി ഗ്രാമവാസികള്‍ ആശ്രയിക്കുന്നത് കരിപ്പൂർ (കോഴിക്കോട്) വിമാനത്താവളത്തെയാണ്. കാര്‍ഷിക രംഗത്തിന് ഊന്നൽ നല്കുന്ന ഗ്രാമമായതിനാലായിരിക്കാം വട്ടംകുളം പഞ്ചായത്തില്‍ എടുത്തുപറയത്തക്ക വൻ വ്യവസായങ്ങള്‍ ഒന്നും തന്നെയില്ല. വര്‍ഷ ടാങ്ക് എന്ന ഇടത്തരം വ്യവസായ സംരംഭമാണ് നിലവില്‍ ഈ പഞ്ചായത്തിന്റേതായിട്ടുള്ളത്. എടപ്പാൾ, നടുവട്ടം, ശുകപുരം, അണ്ണക്കമ്പാട്,വട്ടംകുളം, എന്നിവിടങ്ങളിൽ ഓരോ പോട്രോൾ ബങ്കുകൾ വീതം പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുവിതരണ മേഖലയില്‍ 13 റേഷന്‍കടകൾ ഈ പഞ്ചായത്തിൽ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കൂടാതെ മാവേലി സ്റ്റോര്‍, നീതി സ്റ്റോർ എന്നിവ ഓരോന്നു വീതം ഈ പഞ്ചായത്തിൽ പ്രവര്‍ത്തിക്കുന്നു.
എടപ്പാളാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രം. എമിറേറ്റ്സ് മാൾ, ഒപ്പസ് മാൾ, ദുബായ് മാൾ, എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഷോപ്പിങ്ങ് കോംപ്ളക്സുകൾ. കുടുംബശ്രീ മാസചന്തയാണ് ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന ചന്ത. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 ക്ഷേത്രങ്ങളും 12 മുസ്ലിം പള്ളികളും ഇവിടെയുണ്ട്. കുളങ്കരവേല, മകരപ്പത്ത്, മകരചൊവ്വ (പോട്ടുര്കാവ്), ശിവരാത്രി (പുരമുണ്ടക്കാട്, തിരുമാണിയൂര്‍), തൈപ്പൂയം (കോവിലിങ്ങല്), മണലിയാര്കാവ്, കല്യാണിക്കാവ്, എക്കിക്കാവ്, ആറേക്കാവ്, അണ്ണക്കമ്പാട് എന്നിവിടങ്ങളിലെ താലപ്പൊലി ഉത്സവങ്ങള്‍, കൊടക്കാട്ടുവേല, പാക്കോട്ടുവേല, തടത്തില്വേല, ചോറ്റാനിക്കര മകം മഹോത്സവം (നെല്ലേക്കാട്) എന്നിവയാണ് പ്രധാനപ്പെട്ട ഉത്സവങ്ങള്‍. ഇതിനു പുറമേ ഓണം, വിഷു, പെരുന്നാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പ്രശസ്ത ചിത്രകാരനായ നമ്പൂതിരി, സാഹിത്യകാരനായ പി.സുരേന്ദ്രന്, കവി പി.പി.രാമചന്ദ്രന്, അധ്യാപനരംഗത്ത് പ്രശസ്തനായ സി.പി.നമ്പീശന്, പണ്ഠിതനായ സി.കോയകുട്ടി മുസ്ലിയാർ, സാഹിത്യകാരനായ പി.എം.പള്ളിപ്പാട് എന്നിവര്‍ ഈ പഞ്ചായത്തില്‍ നിന്നുള്ള പ്രമുഖ വ്യക്തികളാണ്. അമ്പിളി കലാസമിതി വട്ടംകുളം, ഗ്രാമീണ വായനശാല വട്ടംകുളം, ഗ്രാമീണവായനശാല കുറ്റിപ്പാല എന്നിവ ഈ പഞ്ചായത്തിലെ കലാ സാംസ്കാരിക സ്ഥാപനങ്ങളാണ്. വട്ടംകുളംകുടുംബാരോഗ്യകേന്ദ്രം, തൈക്കാടും, പാലപ്ര, നെല്ലിശ്ശേരി, പുളിയാറക്കുന്ന് ,കുറ്റിപ്പാല, എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. എടപ്പാള്‍ ഹോസ്പിറ്റൽ, ശുകപുരം ഹോസ്പിറ്റല്‍ എടപ്പാൾ, ഹോമിയോ ഡിസ്പെന്‍സറി പാലപ്ര , ആയുഷ് പി.എച്ച്.സി എന്നിവയാണ് ആരോഗ്യരംഗത്തെ മറ്റ് സ്ഥാപനങ്ങള്‍. എടപ്പാള്‍ വ്യാപാരി വ്യവസായി, എടപ്പാള്‍ വെല്‍ഫെയർ അസോസിയേഷൻ എന്നിവ ഗ്രാമവാസികള്‍ക്ക് ആംബുലന്‍സ് സൌകര്യം ഒരുക്കുന്നു.
മൃഗസംരക്ഷണരംഗത്ത് ഒരു വെറ്റിനറി ആശുപത്രി വട്ടംകുളത്ത് പ്രവര്‍ത്തിക്കുന്നുണ്ട് കൂടാതെ ഒരു സബ്ബ് സെന്ററും പ്രവർത്തിക്കന്നുണ്ട്. പള്ളികളെ കേന്ദ്രീകരിച്ച് മതബോധനത്തിന്റെ ഭാഗമായുള്ള മദ്രസ്സുകളും ഓത്തുപള്ളിക്കൂടങ്ങളും കുലവൃത്തിയുമായി ബന്ധപ്പെട്ട പരമ്പരാഗത വിദ്യാഭ്യാസ രീതിയുമാണ് 1920 ൽ ഒരു ഔപചാരിക വിദ്യാലയം സ്ഥാപിക്കപ്പെടുന്നതുവരെ ഈ പഞ്ചായത്തില്‍ നിലനിന്നിരുന്നത്. നിലവില്‍ ജി.എച്ച്.എസ്.എസ്. എടപ്പാള്‍, ജി.യു.പി.എസ് കുറ്റിപ്പാല, ജി.എല്‍.പി.എസ് നെല്ലിശ്ശേരി, ജി.എല്‍.പി.എസ് പാലപ്ര, എ.ജെ.ബി.എസ് ചേകന്നൂര്‍, ജി.വി.എല്‍.എസ് വട്ടംകുളം, സി.പി.എന്‍.യു.പി വട്ടംകുളം എന്നീ സ്കൂളുകളും, അപ്ളൈഡ് സയന്‍സ് എടപ്പാൾ, മലബാർ ഡെന്റൽ കോളേജ്, മലബാർ ആർട്ട്സ് ആൻഡ് സയൻസ് കോളേജ്, എടപ്പാള്‍ സ്കൂൾ ഓഫ് നഴ്സിങ്, പി.ജി. അക്കാഡമി എടപ്പാള്‍ എന്നീ കോളേജുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ ടി.എച്ച്.എസ്.എസ്. നെല്ലിശ്ശേരി, നാഷണല്‍ ഐ.റ്റി.സി നടുവട്ടം, വിക്ടറി ഐ.ടി.ഐ എന്നീ ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലീനിക്ക് എടപ്പാൾ എന്നിവ ഇവിടുത്തെ പ്രധാന സാമൂഹിക സ്ഥാപനങ്ങളാണ്. ധനകാര്യ മേഖലയില്‍ എസ്.ബി.ഐ യുടെ ദേശസാല്‍കൃത ബാങ്ക് തുടങ്ങി 5 പരം ദേശസാല്‍കൃത ബാങ്കും, സഹകരണ ബാങ്കിംഗ് മേഖലയില്‍ വട്ടംകുളം കോ-ഓപ്പറേറ്റീവ് ബാങ്കും, സ്വകാര്യമേഖലയില്‍ ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ, ഫെഡറൽ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്തുടങ്ങിയ ബാങ്കുകളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.
കുളങ്കര ഓഡിറ്റോറിയം, വിവ പാലസ് ഓഡിറ്റോറിയം നടുവട്ടം, മോഡേൺ ഓഡിറ്റോറിയം മാണൂർ എന്നിവയാണ് വട്ടംകുളത്തെ പ്രധാന കല്ല്യാണ മണ്ഡപങ്ങൾ. വട്ടംകുളം, മുതൂര്‍, ശുകപുരം എന്നിവിടങ്ങളിൽ കേന്ദ്രസര്‍ക്കാരിന്റെ തപാൽ ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നു. എടപ്പാൾ, നടക്കാവ് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ടെലിഫോൺ എക്സ്ചേഞ്ചുകളാണ് മറ്റൊരു കേന്ദ്ര സര്‍ക്കാർ സ്ഥാപനങ്ങൾ. എടപ്പാളില്‍ വൈദ്യുതി ബോര്‍ഡ് ഓഫീസ്, വാട്ടർ അതോറിറ്റി ഓഫീസ് (വള്ളത്തോള്‍ കോളേജ് റോഡ്), കൃഷിഭവന്, ചങ്ങരംകുളത്ത് ഒരു പോലീസ്സ്റ്റേഷൻ വട്ടംകുളം പഞ്ചായത്തിന്റേതായിട്ടുണ്ട്. വിവിധങ്ങളായ 10 ൽ പരം കൊറിയർ സര്‍വ്വീസ് സ്ഥാപനങ്ങളും ഈ പഞ്ചായത്തിലുണ്ട്. കുടുംബശ്രീയുടെ 284 യൂണിറ്റുകൾ ഈ പഞ്ചായത്തിൽ പ്രവര്‍ത്തിക്കുന്നു.