ബഡ്ജറ്റ് 2026-27
ബഡ്ജറ്റ് 2026-27
2026-27 വർഷത്തേക്കായി ഇവിടെ അവതരിപ്പിക്കുന്ന ബഡ്ജറ്റ് വരുമാന സ്രോതസ്സുകളും, ഗ്രാന്റുകളും ഉപയോഗിച്ച് നമ്മുടെ പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളുടെയും, ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനും, കാർഷിക അഭിവൃദ്ധിയ്ക്കും, പരിസ്ഥിതി സംരക്ഷണത്തിനും, മാലിന്യ സംസ്കരണത്തിനും പഞ്ചായത്ത് ഭരണ നിർവഹണത്തിൽ സദ്ഭരണം ഉറപ്പുവരുത്തുന്നതിനും, ജനാധിപത്യ സംവിധാനത്തിൽ കൂടുതൽ കരുത്ത് പകരുന്നതിനും, വിജയം കൈവരിക്കുന്നതിനും ലക്ഷ്യമിടുന്ന രീതിയിലാണ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ഈ ബഡ്ജറ്റിന് രൂപം നൽകിയിട്ടുള്ളത്. വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ വികസന സ്വപ്നങ്ങളിൽ ആരോഗ്യ മേഖല, കാർഷിക മേഖല, വിദ്യാഭ്യാസം, കുടിവെള്ളം, തൊഴിൽ സ്യഷ്ടി, സാമൂഹിക സുരക്ഷിതത്വം, ശുചിത്വം, റോഡുകളുടെ അറ്റകുറ്റപ്പണികൾ, യുവജനക്ഷേമം, വനിതാ ക്ഷേമം, പരിസ്ഥിതി സംരക്ഷണം, ഗൃഹനിർമ്മാണം, ചെറുകിട വ്യവസായം എന്നിവ ഉൾപ്പെടുന്ന വിവിധ പദ്ധതികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വികസനം ആത്യന്തികമായി വിലയിരുത്തപ്പെടുന്നത് അത് ജനങ്ങളുടെ ക്ഷേമത്തിന് എത്രമാത്രം പ്രയോജനപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ്. പട്ടിണിയില്ലാത്ത, പ്രാഥമിക സൗകര്യങ്ങളും, ആരോഗ്യസുരക്ഷയും എല്ലാവർക്കും ലഭിക്കുന്ന തലചായ്ക്കാൻ ഒരിടം എന്ന സ്വപ്ന സാക്ഷാത്കാരം ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ നടത്താൻ ഈ ഭരണസമിതി പ്രതിജ്ഞാബദ്ധമാണ്.
"നിങ്ങൾ ഏതെങ്കിലുമൊരു പ്രവർത്തി ചെയ്യാൻ ആരംഭിക്കുമ്പോൾ ഇതുവരെ നി ങ്ങൾ കണ്ടതിൽ ഏറ്റവും ദരിദ്രനായ വ്യക്തിയെ മനസ്സിൽ ഓർമ്മിക്കുക. നിങ്ങളുടെ പ്രവർത്തി അയാൾക്ക് എങ്ങനെ ഉപകാരപ്പെടും എന്ന് ചിന്തിക്കുക. നിങ്ങളുടെ പ്രവർത്തിയുടെ ഫലം ഏറ്റവും ദരിദ്രനായ വ്യക്തിക്കും ഗുണകരമായിരിക്കട്ടെ' എന്ന ഗാന്ധിജിയുടെ മഹത് വചനം ഓർമിപ്പിച്ചുകൊണ്ട് ഈ ബജറ്റ് നിർദ്ദേശങ്ങൾ നിങ്ങൾക്കു മുൻപാകെ സമർപ്പിക്കുന്നു.