വെബ്സൈറ്റ് നിർമ്മാണത്തിലാണ് (Website is under construction)
ബഡ്ജറ്റ് 2025-26

വട്ടംകുളം ഗ്രാമ പഞ്ചായത്ത്
ബഡ്ജറ്റ് 2025-2026
ആമുഖ പ്രഖ്യാപനം

ഭാവനയിൽ നിന്നും ജന്മം കൊള്ളുന്ന ആശയങ്ങളുടെ കൂട്ടായ്മയാണ് ബഡ്ജറ്റ് എന്ന് പൊതുധാരണയിൽ നിന്നും വ്യത്യസ്തമായി വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പ്രതിഫലനമായാണ് ഈ ബഡ്ജറ്റ് തയ്യാറാക്കാൻ ശ്രമിച്ചിരിക്കുന്നത്. 2020-ൽ പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ നമ്മുടെ ഭരണ സമിതിയുടെ കഴിഞ്ഞുപോയ നാല് വർഷങ്ങളിലെ ഭരണ മികവിന്റെയും വരും വർഷത്തെ വികസന ലക്ഷ്യങ്ങളുടെയും സൂചനയാണ് ഈ ബഡ്ജറ്റ്.

അധികാര വികേന്ദ്രീകരണത്തിന്റെ പരമപ്രധാന ലക്ഷ്യമായ അധികാരം ജനങ്ങളിലേക്ക് എന്ന ആശയത്തോടൊപ്പം ജനപക്ഷപരമായ പുരോഗതി മാത്രമാണ് ലക്ഷ്യമാക്കി വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ഈ ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

ബഡ്ജറ്റ് പ്രസംഗം

2025-26ലെ ബഡ്ജറ്റ് ഈ ഭരണ സമിതിയുടെ അവസാന ബഡ്ജറ്റ് എന്ന നിലയിൽ ഉൽപാദന മേഖലയ്ക്കും സേവന മേഖലയ്ക്കും പ്രാധാന്യം കൊടുക്കുന്നതിനോടൊപ്പം പശ്ചാത്തല കാർഷിക മേഖലകൾക്കും തുല്യ പ്രാധാന്യം നൽകി കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്.

കാർഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനോടൊപ്പം ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനും ഊർജ സംരക്ഷണത്തിനും മുൻഗണന നൽകുന്നു. വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട് അനാവരണം ചെയ്യുന്ന ഈ ബഡ്ജറ്റ് പശ്ചാത്തല മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്നു.

കാഴ്ചപ്പാട്

സർക്കാർ നിർദേശിച്ച ലൈഫ് ഭവനപദ്ധതി, മാലിന്യമുക്ത കേരളം, ഇ-ഗവേണൻസ്, അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ എന്നിവ നല്ല രീതിയിൽ ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതിൽ നമുക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ തുടർ പ്രവർത്തനങ്ങളും നാം ഏറ്റെടുത്ത് നടത്തിവരുന്നു.

നിലവിലുള്ള വിഭവ സ്രോതസ്സുകളുടെ പരിമിതിയിൽ നിന്നും മറ്റ് തദ്ദേശ സ്വയംഭരണ വകുപ്പുകൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നിവിടങ്ങളിൽ നിന്നും ലഭ്യമായ വരുമാന സ്രോതസ്സുകൾ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുക എന്നതാണ് ഈ ബഡ്ജറ്റിന്റെ വികസന കാഴ്ചപ്പാട്.

ലക്ഷ്യങ്ങൾ

ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിച്ച പദ്ധതികൾക്ക് പുറമെ ചില പ്രവർത്തന ആശയങ്ങളും കൂടി ഈ ബഡ്ജറ്റിന്റെ ഭാഗമായി മുന്നോട്ട് വെക്കുന്നുണ്ട്. നാടിന് ആവശ്യമായ പദ്ധതികൾ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനായി നമ്മൾ പരിശ്രമിക്കേണ്ടതുണ്ട്.

  • ബഡ്ജറ്റ് 2025-26